ഉഴവൂർ: വചനവിരുന്ന് നവീകരണത്തിന് വഴിതുറക്കണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു. കോട്ടയം അതിരൂപത ബൈബിൾ കൺവൻഷൻ ഉഴവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
നവീകരണത്തിലേക്ക് പ്രവേശിക്കാനും പ്രത്യാശയുടെ തീർഥാടകരാകാനുമുള്ള സഭയുടെ ആഹ്വാനം ഏറ്റുവാങ്ങണം. ക്രിസ്തുജയന്തിയുടെ സന്ദേശങ്ങൾ സ്വീകരിക്കാൻ വചന വിരുന്നിലൂടെ കഴിയണമെന്നും മാർ ജോസഫ് പണ്ടാരശേരിൽ ആഹ്വാനം ചെയ്തു. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. ജോൺസൺ നിലാനിരപ്പേൽ എന്നിവർ സഹകാർമികരായി.
ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനയിലെ ഇടവകകൾ ഒരുമിച്ച് ആതിഥ്യമരുളുന്ന കൺവൻഷൻ വിശ്വാസികളുടെ പങ്കാളിത്തത്താൽ ആദ്യദിനംതന്നെ ശ്രദ്ധനേടി. സായാഹ്നം മുതൽ ചെറിയ മഴ പെയ്തിറങ്ങിയെങ്കിലും അതിനെ അവഗണിച്ച് വിശ്വാസികളുടെ പ്രവാഹമായിരുന്നു.
ഉദ്ഘാടനസഭയിൽ കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ, വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ജനറൽ കൺവീനറും ഫൊറോന വികാരിയുമായ ഫാ. അലക്സ് ആക്കപറമ്പിൽ, ഫാ. ജോസഫ് ഈഴാറാത്ത്, ഫാ. ജോസ് നെടുങ്ങാട്ട്, സജോ വേലിക്കട്ടേൽ, സ്റ്റീഫൻ വെട്ടത്തുകണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.